"ഹോപ്പ്" - വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് മറ്റുള്ളവരെ സഹായിക്കുന്നു

               പത്താംക്ലാസ്സ് പരീക്ഷയിൽ ഭൂരിപക്ഷം പേരും വിജയിക്കുകയും അതിൽ നല്ലൊരു ശതമാനത്തിനു A+ ലഭിക്കുകയും അവരെ പൊതുസമൂഹം ആദരിക്കുകയും മറ്റും ചെയ്യുമ്പോൾ, പരാജയപ്പെട്ടവരെക്കുറിച്ചോ, അവരുടെ പരാജയകാരണങ്ങളെക്കുറിച്ചോ ആരും ചിന്തിക്കാറില്ല. വിജയികളെപ്പോലെ പരാജിതരും സമൂഹത്തിൻെറ ഭാഗമാണ്. സ്കൂൾ തലത്തിൽ പഠനത്തിൽ പിന്നോക്കം പോയ പലരും പിന്നീട് വിദ്യാഭ്യാസത്തിലൂടെ തിരിച്ചുവന്ന് ഈ ലോകത്ത് വലിയ അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. ഈ യാഥാർഥ്യം മനസ്സിലാക്കി, കുട്ടികളുടെ ശാരീരിക മാനസിക-സാമൂഹിക-ആരോഗ്യം ഉറപ്പുവരുത്തി സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്നതാണ് "ഹോപ്പ്" പദ്ധതിയുടെ ഉദ്ദേശ്യം. 

               കുട്ടികളെ ഭാഷാ പരിജ്ഞാനം, തൊഴിലധിഷ്ഠിത പരിജ്ഞാനം എന്നിവക്ക് അനുയോജ്യമായ പഠനരീതിയിലൂടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുക, കുടുംബത്തിലും സമൂഹത്തിലും അവരുടെ പങ്കും അന്തസ്സും ഉറപ്പാക്കുക, അനാരോഗ്യകരമായ പെരുമാറ്റ-വൈകാരിക വ്യതിയാനങ്ങളിൽ നിന്നും അവരെ തടയുക  എന്നിവയാണ് "ഹോപ്പ്" പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. പത്താംക്ലാസ്സ് പരാജയപ്പെട്ട കൗമാരക്കാർ കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന്, കഞ്ചാവ് വ്യാപനം പോലുള്ള അനാരോഗ്യകരമായ പ്രവണതയിലേക്ക് പോകാനുള്ള സാധ്യതയും കേരള പോലീസ് നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതുന്നു. കഴിഞ്ഞ വർഷത്തിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ 140 കുട്ടികളെ കണ്ടെത്തുകയും, വിവിധ ഇടപെടലുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പരിശീലനം നൽകുകയും, അതിൽ 115 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ പാസ്സായി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുകയും ചെയ്തു. അതിൻെറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഈ പദ്ധതി വിപുലീകരിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്.

               ഹോപ്പ് പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ ബഹു. പി.എച്ച്.ക്യു  പോലീസ് ഇൻസ്പെക്ടർ ജനറൽ   (അഡ്മിൻ)  ശ്രീ പി. വിജയൻ ഐ.പി.സ് അവർകളും അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസർ ബഹു. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ എ.വി. ജോർജ്ജ് ഐ.പി.സ് അവർകളുമാണ്. 

ജില്ലയിലെ പ്രവർത്തനങ്ങൾ     

               "ഹോപ്പ്" പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ  തൃശ്ശൂർ ജില്ലയിലെ പ്രളയ ബാധിത പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷനുകളിലെ വാർഡ് മെമ്പർ/ കൗൺസിലർമാർക്ക് 2019 ഫെബ്രുവരി  4, 5, 6  തിയ്യതികളിലായി ജില്ലയിലെ 5 സബ് ഡിവിഷനുകളിൽ വെച്ച് HALF DAY ORIENTATION WORKSHOP നടത്തുകയുണ്ടായി. Orientation Workshop-ൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി അഞ്ഞൂറോളം വാർഡ് മെമ്പർമാർ പങ്കെടുത്തു. കൂടാതെ പദ്ധതിയിൽ മെൻറർമാർ ആകുവാൻ തിരഞ്ഞെടുത്തവർക്ക് രണ്ടു  ദിവസത്തെ DISTRICT LEVEL MENTORS TRAINING WORKSHOP, 2019 ഫെബ്രുവരി  11, 12  തിയ്യതികളിലായി തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പേൾ റീജൻസി ഹോട്ടലിൽ വെച്ചു നടത്തുകയുണ്ടായി. Mentors Training-ൽ 60  പേർ പങ്കെടുത്തു. കുട്ടികളെ മികച്ച വിദ്യാഭ്യാസ നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും കുട്ടികൾക്കുള്ള  Psycho - Social  issue കൈകാര്യം ചെയ്യുന്നതിനും മറ്റുമായി വിവിധ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷനുകളിൽ നിന്നും  തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള ONE DAY LIFE SKILLS CAMPS, 2019 മാർച്ച്  2, 3  തിയ്യതികളിലായി ജില്ലയിലെ പത്തു കേന്ദ്രങ്ങളിൽ വെച്ചു സംഘടിപ്പിക്കുകയുണ്ടായി. ലൈഫ് സ്കിൽസ് ക്യാമ്പുകളിൽ 450 കുട്ടികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുകയുണ്ടായി.  
               "ഹോപ്പ്" പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ജില്ലയിലെ 8 , 9, 10  ക്ലാസ്സുകളിൽ പകുതിയിൽ പഠിപ്പു നിർത്തിയതും, പത്താംക്ലാസ്സിൽ പരാജയപ്പെട്ടതുമായ കുട്ടികളുടെ രക്ഷാകർതൃ യോഗവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അയ്യന്തോൾ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ കെ.പി.വിജയകുമാരൻ ഐ പി സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി.റെഗിൽ അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ  ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ എം.കെ.ഗോപാലകൃഷ്ണൻ സ്വാഗതം അറിയിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ ഷാജ് ജോസ്, വിദ്യാഭ്യാസ വകുപ്പിലെ ശ്രീ അനൂപ് , ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ORC പ്രൊജക്റ്റ് അസിറ്റൻറ് ശ്രീമതി ബീന ടി.വി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അഡ്വ. എൽദോ പൂക്കുന്നേൽ "വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം" എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പരിപാടിയിൽ ജില്ലയിലെ 52 രക്ഷിതാക്കളും പോലീസ് സ്റ്റേഷനുകളിലെ ജനമൈത്രി പോലീസ് ഓഫീസർമാരും പങ്കെടുത്തു. 2019 നവംബർ 18-ാo തിയ്യതി ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷന് കോമ്പൗണ്ടിലുള്ള ഹോപ്പ് ലേർണിംഗ് സെൻററിൽ ക്ലാസുകൾ ആരംഭിച്ചു. 2020-21  വർഷത്തിൽ ജില്ലയിലെ കാട്ടൂർ, വലപ്പാട്, ചേർപ്പ്, ചാലക്കുടി, വരന്തരപ്പിള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലും ഹോപ്പ് ലേർണിംഗ് സെൻററുകൾ ആരംഭിച്ചിട്ടുള്ളതാണ്.

Last updated on Thursday 12th of May 2022 PM